ഒരു തീരദേശ ഗ്രാമമാണ് കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ഓണാട്ടുകരയുടെ പടിഞ്ഞാറേ അറ്റത്തായി കായംകുളം കായലിനോട് ചേര്‍ന്നുകിടക്കുന്ന ആറാട്ടുപുഴ പഞ്ചായത്തിന് കിഴക്കുമാറി തെക്കുവടക്കായി ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. കായംകുളം കായലിന് വളരെ അടുത്താണ് അറേബ്യന്‍ സമുദ്രം. സമുദ്രനിരപ്പിന് സമാനമായിട്ടുള്ള തീരസമതലമായാണ് ഈ ഗ്രാമപഞ്ചായത്ത് അിറയപ്പെടുന്നത്. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് തീരപ്രദേശത്തോട് ചരിഞ്ഞ സമതലമായിട്ടാണ് കണ്ടു വരുന്നത്. മുന്‍കാലങ്ങളില്‍ കടലിന്റെ ഭാഗമായിരുന്നതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഭൂമിയുടെ അടിയില്‍ നിന്നും കണ്ടു വരുന്നുണ്ട്. ശുദ്ധജലക്ഷാമം ഇല്ലാതിരുന്ന ഇവിടെ ഇപ്പോള്‍ ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നു. ഓരുവെള്ളത്തിന്റെ കടന്നുവരവും ഭൂഗര്‍ഭ ജലത്തിന്റെ ഗണ്യമായ ശോഷണവും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ പകുതിയ്ക്ക് പടിഞ്ഞാറു ഭാഗം കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിണറുകളിലെ ജലം കൂടുതല്‍ ഉപ്പുരസം നിറഞ്ഞതാണ്. പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങള്‍ കഴിയുന്നത്. ഓരുവെള്ളത്തിന്റെ ശക്തമായ വരവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത് ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. കുട്ടനാട് പോലെ സമുദ്രനിരപ്പില്‍ നിന്നും വളരെ താഴ്ന്ന അവസ്ഥയിലാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഇവിടുത്തെ ജലനിര്ഗ്ഗമനത്തിനുള്ള പ്രധാന മാര്‍ഗ്ഗം വലിയഴീക്കല്‍ പൊഴിയായിരുന്നു. സ്ഥിരമായി അടഞ്ഞുകിടക്കുന്ന പൊഴി മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ തുറന്ന് വിട്ട് വെള്ളം ഒഴുക്കുന്നതിന് സൗകര്യമുണ്ടാക്കും. പൊഴി തുറക്കുന്നത് വരെ ഇവിടെ കെട്ടി നില്ക്കുന്ന വെള്ളത്തിന്റെ ഒരു നല്ല ഭാഗം ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെടുമായിരുന്നു. അതായത് കുറച്ച് ദിവസം വെള്ളം കെട്ടി നിന്ന് അത് രൂക്ഷമാകുമ്പോള്‍ മാത്രമാണ് തുറന്നു വിട്ടിരുന്നത്. ഇപ്പോള്‍ പൊഴി തുറക്കേണ്ട ആവശ്യം ഇല്ല. പൊഴി തുറന്നു തന്നെ കിടക്കുകയാണ്. മുന്‍കാലങ്ങളില്‍ ഈ പ്രദേശത്തെ വെള്ളപ്പൊക്കം നിയന്തിച്ചിരുന്നതും ആവശ്യത്തിന് വെള്ളം കെട്ടി നിന്ന് ഭൂഗര്‍ഭജലം ശേഖരിക്കുന്നതുമായ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് വലിയഴീക്കല്‍ പൊഴി അടയാതെ അഴിയായി മാറിയതു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഈ ഗ്രാമപഞ്ചായത്തിലെ ഭൂഗര്‍ഭ ജലം തുലോം താണുപോയിട്ടുള്ളതാണ്. ഇത് കുടിവെള്ള ക്ഷാമത്തിനും കടുത്ത വരള്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. ഈ ഗ്രാമം നേരിട്ട് കടല്‍ത്തീര പ്രദേശമല്ലെങ്കിലും കടലിനോട് ഏറ്റവും അടുത്തായതു കൊണ്ട് കടല്‍ത്തീരഗ്രാമത്തിന്റെ എല്ലാ ദോഷവശങ്ങളും വലിയ തോതില്‍ അനുഭവപ്പെടുന്നു. തീരപ്രദേശത്തെ ഭവനങ്ങളുടെ ഭിത്തിയില്‍ വെറിവീണ് ബലക്ഷയം ഉണ്ടാകുന്നത് ഉപ്പുവെള്ളത്തിന്റെ ഭീഷണി മൂലമാണ്. കിണറുകള്‍ ഈ പ്രദേശത്ത് ഇല്ലായെന്നു തന്നെ പറയാം. കിണറുകള്‍ നിര്‍മ്മിച്ചാല്‍ അതിലെ വെള്ളം ഉപ്പ് വെള്ളമാണ്. യാതൊരു വിധത്തിലുള്ള കൃഷിയും ഇവിടെ സാധ്യമല്ല. കാരണം കടലില്‍ നിന്നുള്ള വെള്ളത്തിന്റെ വരവും, ഓരുവെള്ളത്തിന്റെ വരവുമാണ് കൃഷി അസാധ്യമാകുന്നത്. തീരദേശവാസികള്‍ തികച്ചും കഷ്ടതയിലാണ് ജീവിക്കുന്നത്.
കാര്‍ഷിക പ്രാധാന്യമുള്ള ഗ്രാമമായിരുന്നു ഇത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവിടുത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്. നെല്ല് വിളയുന്ന പാടശേഖരങ്ങളിലും പുരയിടങ്ങളിലും പണിയെടുത്ത കര്‍ഷകത്തൊഴിലാളികളുടെ ഏക വരുമാന മാര്‍ഗ്ഗവും കാര്‍ഷിക മേഖലയില്‍ നിന്നു മാത്രമായിരുന്നു. അതു കൊണ്ട് തന്നെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അല്ലലില്ലാതെ കഴിഞ്ഞിരുന്നു. കൃഷി ഇറക്കുമ്പോഴും വിളവെടുക്കുമ്പോഴും മാത്രമാണ് കര്‍ഷക തൊഴിലാളികള്‍ക്ക് നെല്‍കൃഷി മേഖലയില്‍ തൊഴിലുണ്ടായിരുന്നത്. പിന്നീടുള്ള തൊഴിലവസരങ്ങള്‍ പുരയിടങ്ങളിലാണ്. തെങ്ങിന് വിസ്തരിച്ച് തടം തെളിച്ച് വളമിടുക, വര്‍ഷത്തിലൊരിക്കല്‍ വൃശ്ചിക മാസത്തില്‍ മണ്ണിളകുന്നതിന് വേണ്ടി കൂനയെടുക്കുക തുടങ്ങിയ ജോലികള്‍ സര്‍വ്വസാധാരണമായിരുന്നു. എന്നാല്‍ ഇതൊരു നിത്യ തൊഴിലായി കാണാന്‍ കഴിഞ്ഞില്ല. ദിവസവും തൊഴില്‍ ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടി സ്ത്രീ തൊഴിലാളികള്‍ കയര്‍ മേഖലയിലേക്ക് തിരിഞ്ഞു. ആവശ്യത്തിന് തൊണ്ട് ലഭിക്കുന്ന പ്രദേശം, തൊണ്ട് അഴുകിയെടുക്കാന് പടിഞ്ഞാറന്‍ തീരത്ത് ആവശ്യത്തിന് ജലാശയങ്ങള്‍, മരംകൊണ്ടുള്ള കൊടുവടി കൊണ്ട് സ്ത്രീകള്‍ അഴുക്ക് തൊണ്ട് തല്ലിച്ചതച്ച് അതിന്റെ ചോറ് കളഞ്ഞ് ചകിരിയാക്കിയിരുന്നു. ചകിരി ഉപയോഗിച്ച് കൈകൊണ്ട് ഇഴ പിണഞ്ഞ് കയര്‍ പിരിക്കുവാന്‍ ഇവിടുത്തെ സ്ത്രീതൊഴിലാളികള്‍ സമര്‍ത്ഥരായിരുന്നു. കാര്‍ഷിക മേഖലയിലേക്ക് തൊഴിലാളികളുടെ ക്ഷാമം ക്രമാതീതമായി വര്‍ദ്ധിച്ചത് കയര്‍ മേഖലയുടെ വളര്ച്ചയോടുകൂടിയാണ്. കൈകൊണ്ട് കയര്‍പിരിക്കുന്നതിന് പകരം റാട്ട് ഉപയോഗിച്ച് കയര്‍ പിരിക്കാന്‍ അവസരം വന്നതോടെ തൊഴിലാളി കുടുംബങ്ങള്‍ പൂര്‍ണ്ണമായും കയര്തൊഴിലാളികളായി മാറി. പുരുഷന്മാരായ തൊഴിലാളികളും കൂടുതല്‍ വരുമാനത്തിനായി പുതിയ തൊഴില്‍ അന്വേഷിച്ച് കണ്ടെത്തിയതോടെ കാര്‍ഷിക മേഖലയുടെ സ്തംഭനാവസ്ഥ ഏതാണ്ട് പൂര്‍ണ്ണമായി. 974.39 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഫലപൂയിഷ്ഠമായിരുന്ന ഈ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് മണല്‍ മണ്ണും പടിഞ്ഞാറ് ഭാഗത്ത് മണല്‍ മണ്ണുമായിരുന്നു. വളക്കൂറുള്ള മണ്ണായിരുന്നു ഉപരിതലത്തില്‍ ഉണ്ടായിരുന്നത്. വലുതും ചെറുതുമായ ഒട്ടനവധി നീര്‍ച്ചാലുകളും തോടുകളും ഈ കൊച്ചു ഗ്രാമത്തിന്റെ നാഡീഞരമ്പുകളായി വ്യാപിച്ച് കിടന്നിരുന്നു. മണല്‍ മണ്ണുള്ള ഭാഗത്ത് സമ്പല്സമൃദ്ധങ്ങ ളായ വിരിപ്പൂ നിലങ്ങളായിരുന്നു. ഇവിടെ മൂന്നു പൂ കൃഷി ഇറക്കിയരുന്നു. രണ്ട് പൂ നെല്ലും, ഒരു പൂ എള്ളും. ഔഷധ ഗുണമുള്ള പ്രസിദ്ധമായ ഓണാട്ടുകര എള്ളിന്റെ നല്ലൊരു ഭാഗവും ഇവിടെ ഉല്പാദിപ്പിച്ചിരുന്നു. ചെളി മണ്ണുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒറ്റപൂ കൃഷി ചെയ്തിരുന്നു. മുണ്ടകപ്പാടങ്ങള്‍ സമൃദ്ധമായിരുന്നു. ഗതകാല സ്മരണകള്‍ അയവിറക്കാന്‍ മാത്രമേ ഇന്ന് കഴിയൂ. വൈവിധ്യമാര്‍ന്ന മരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും, കാവുകളും തലക്കുളങ്ങളും, ചെറുക്കുളങ്ങളും വിസ്തൃതമാര്‍ന്ന പാടശേഖരങ്ങളും തലയെടുത്ത് നില്ക്കുന്ന തെങ്ങിന് തോപ്പുകളും തോടുകളും കാവുകളും ഈ ഗ്രാമത്തിന്റെ പ്രകൃതിരമണീയതയ്ക്ക് മാറ്റ് കൂട്ടിയിരുന്നു.
കാലം മാറിയതോടെ കാര്‍ഷിക മേഖല പോലെ തന്നെ കയര്‍മേഖലയും തകര്‍ന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കയര്‍വ്യവസായ സഹകരണസംഘങ്ങള്‍ ഇന്ന് നിര്‍ജ്ജീവമാണ്. അഴുക്ക് തൊണ്ടിന്റെ അഭാവം രൂക്ഷമാണ്. അന്യനാടുകളില്‍ നിന്നും വരുന്ന ചകിരിയാണ് ഇന്ന് നാമമാത്രമായി ഉപയോഗിച്ച് വരുന്നത്. കുറെ സ്ത്രീതൊഴിലാളികള്‍ ഗ്രാമത്തിന് പുറത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ വര്‍ഷത്തിലൊരിക്കല്‍ നിശ്ചിത ദിവസത്തിലേക്ക് തൊഴില്‍ ലഭിക്കാറുണ്ട്. കന്നുകാലി കൃഷിയും ആടുവളര്‍ത്തലും, കോഴി വളര്‍ത്തലും കുറേശ്ശേയായി പുരോഗമിക്കുന്നുണ്ട്. പുറംനാടുകളിലും, ഗള്‍ഫ് മേഖലകളിലും തൊഴില്‍ എടുക്കുന്നവരാണ് നമ്മുടെ ഗ്രാമത്തിന്റെ സാമ്പത്തി ഭദ്രതയ്ക്ക് വലിയ കോട്ടം വരാതെ നിലനിര്‍ത്തുന്നത്. നാനാജാതി മതസ്ഥരായ ജനങ്ങള്‍ ഇവിടെ ഏകോദരസഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. ഒത്തൊരുമയും സ്നേഹവും ഇവിടുത്തെ ജനങ്ങളുടെ പ്രത്യേകത. തികഞ്ഞ മതേതരത്വ സ്വഭാവം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ത്തുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. സ്വാശ്രയ സംഘങ്ങള്‍, പ്രത്യേകിച്ച് കുടുംബശ്രീ പ്രസ്ഥാനങ്ങളുടെ വരവോടെ ഇവിടുത്തെ വ്യത്യസ്ഥ മത വിഭാഗങ്ങളുടെ സ്നേഹവും ഐക്യവും കൂടുതല്‍ പുഷ്ഠിപ്പെട്ടു. അത് മാത്രവുമല്ല പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ നിലനിന്നിരുന്ന ദാരിദ്രം ലഘൂകരിക്കുവാനും കുടുംബ വരുമാനത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാക്കുവാനും കഴിഞ്ഞു. ദാരിദ്രലഘൂകരണത്തിനും പ്രത്യേകിച്ച് സ്ത്രീശാക്തീകരണത്തിനുമുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിന് നേതൃത്വം നല്‍കുന്നത് ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയ കൂട്ടായ്മ വളര്‍ത്തിയെടുക്കുവാനും കഴിഞ്ഞു. ഈ കൂട്ടായ്മ ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് ഫലപ്രദമായി വിനിയോഗിച്ച് കൊണ്ട് നഷ്ട പ്രതാപങ്ങളെ വീണ്ടെടുക്കുവാനുള്ളകഠിന ശ്രമത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. ദാരിദ്രവും കഷ്ടതയും അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. മുറിഞ്ഞുപോയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്ത് ഗ്രാമത്തിന്റെ ഹൃദയത്തുടുപ്പുകള്‍ പഴയ പടിയിലാക്കി വിസ്തൃതമായ വയലോലകളും തലയെടുത്ത് നില്ക്കുന്ന തെങ്ങിന്‍തോപ്പുകളും കാവുകളും കുളങ്ങളും ഒക്കെ വീണ്ടെടുക്കുവാനുള്ള പുതിയ പരിശ്രമങ്ങള്‍ക്ക് ഇവിടുത്തെ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല